പെൺകുട്ടിയുടെ പ്രായം ഇരുപതു കടന്നാൽ പിന്നെ ബന്ധുകളുടെ സ്ഥിരം ചോദ്യമാണ് ‘ആലോചനയൊന്നും ശരിയായില്ലേ’ എന്ന്. പലയാവർത്തി ചോദ്യം കേൾക്കുമ്പോൾത്തന്നെ മാതാപിതാക്കൾക്ക് ആധിയാണ്. പിന്നെ പരിചയക്കാർ വഴിയും അല്ലാതെയും വരനെ തേടും. വിവാഹത്തോടു പെൺകുട്ടികൾ മുഖം തിരിക്കാനുളള കാരണം പലതാവും. വിവാഹപ്രായം പലരുടെയും മനസ്സിൽ പലതാണ് എന്ന സത്യം മാതാപിതാക്കള്‍ ആദ്യം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്.
പഠനം പൂർത്തിയാക്കി നല്ലൊരു ജോലി നേടുകയെന്നതാവും മിക്ക പെൺകുട്ടികളുടെയും ആഗ്രഹം.വിവാഹത്തിനു മുൻപ് സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിവാഹം അൽപസമയം കൂടി നീട്ടിവയ്ക്കുന്നതാണ് അഭികാമ്യം. ലൈംഗിക വിഷയങ്ങളെക്കുറിച്ചുള്ള അജ്ഞതയും വിവാഹത്തിനു വിമുഖത പ്രകടിപ്പിക്കാൻ കാരണമാകും. വേദന നിറഞ്ഞ ലൈംഗിക ബന്ധം, പ്രസവം എന്നിവയെക്കുറിച്ചുള്ള വികലമായ അറിവും പെൺകുട്ടികളിൽ വിവാഹത്തോടുളള താൽപര്യക്കുറവിനു കാരണമാകും. ലൈംഗികതയെക്കുറിച്ചുള്ള ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ അഭാവവും കൂട്ടുകാരികളിൽ നിന്നു ലഭിക്കുന്ന വികലമായ അറിവും പ്രശ്നങ്ങൾ സങ്കീർണമാക്കും.
പെൺകുട്ടികളുടെ പ്രായം ഇരുപതു കഴിഞ്ഞാൽ മിക്ക മാതാപിതാക്കൾക്കും വല്ലാത്തൊരു ആധിയാണ്. എത്രയും പെട്ടെന്നു മകളുടെ വിവാഹം നടത്തി ‘വലിയൊരു ഭാരം’ ഇറക്കിവയ്ക്കുക. ആലോചനകൾ മുറുകുന്നതോടെ പെൺകുട്ടികളുടെ സ്വഭാവത്തിൽ മാറ്റങ്ങളും പ്രകടമാകാറുണ്ട്. ചിലർ വിവാഹ ആലോചനകളോട് മുഖം തിരിക്കാൻ തുടങ്ങുന്നതോടെ കുടുംബാന്തരീക്ഷം തന്നെ മാറും. വാശിക്കാരായ മാതാപിതാക്കൾ ‘താൻപിടിച്ച മുയലിനു മൂന്നു കൊമ്പ്’ എന്ന നിലയിൽ അതിനോടു പ്രതികരിക്കുമ്പോൾ കുടുംബത്തിൽ കലഹത്തിനു വഴി തെളിയുന്നു. പക്ഷേ എന്തുകൊണ്ടാണ് പെൺകുട്ടി വിവാഹത്തെ എതിർക്കുന്നതെന്ന് അന്വേഷിക്കാൻ മിക്കവരും തയാറാകുന്നില്ല.
വിവാഹത്തോടുളള മകളുടെ വിമുഖതയുടെ കാരണം തിരക്കാൻ മെനക്കെടാതെ, ഇൗ വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ ഞാനിപ്പൊ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്ന മാതാപിതാക്കളും നമുക്കിടയിലുണ്ട്. ആ വാശിക്കു മുൻപിൽ, താൽപര്യമില്ലാത്ത വിവാഹത്തിനു തയാറാകുന്ന പെൺകുട്ടികൾ വിവാഹത്തിനു ശേഷം പങ്കാളിയുമായി പൊരുത്തപ്പെടാനാകാതെ വിവാഹ മോചനത്തിനുള്ള സാഹചര്യമൊരുക്കുന്നു. മകളെ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന മാതാപിതാക്കൾ മകളുടെ മനസ്സറിഞ്ഞുള്ള വിവാഹ ആലോചനകൾക്കാണ് മുൻതൂക്കം നൽകേണ്ടത്. ഇഷ്ടമില്ലാത്ത വിവാഹം മകളുടെ തലയിൽ കെട്ടിവയ്ക്കുക വഴി അവളുടെ ഭാവിയാണ് നശിപ്പിക്കുന്നത്.
0 Comments