അവള് ഒഴികെയുള്ള എല്ലാവര്ക്കും നിസ്സാരമെന്നു തോന്നാവുന്ന ഒരു പ്രശ്നവുമായാണ് ആ പെണ്‍കുട്ടി കടന്നുവന്നത്. വികാരാര്‍ദ്രമായി ചേര്‍ത്തുപിടിക്കേണ്ട ആ കരങ്ങളില്‍ എപ്പോഴും അപശകുനം പോലൊരു ഫോണ്‍..ഒന്ന് പ്രണയം തോന്നി വരുമ്പോഴേക്കും ആ ഫോണ്‍ ഒരു കരച്ചിലാണ്..പിന്നെ എന്നെ മറന്ന് അങ്ങേര് ഫോണിന് പിന്നാലെ..വിവാഹമോചനത്തെ കുറിച്ചുപോലും ഞാന്‍ ചിന്തിച്ചു പോകുന്നു ഡോക്ടര്‍, എന്നായിരുന്നു മറുപടി. അവരുടെ ഹണിമൂണ്‍ കാലത്താണ് എന്ന് ഓര്‍ക്കണം കേട്ടോ..
ആള്‍ക്ക് ഏതെങ്കിലും സ്വന്തം കൈ കൊണ്ട് വെച്ചുണ്ടാക്കി കൊടുത്ത് ഒന്ന് പ്രീതി പിടിച്ച് പറ്റാന്‍ നോക്കിയപ്പോള്‍ ഡൈനിംഗ് ടേബിളില്‍ വന്നതും തിന്നതും എണീറ്റ് കൈകഴുകിയതും ഒക്കെ ഫോണ്‍ ചെവിയില്‍ വെച്ച് ആരോടോ ചറപിറാ സംസാരിച്ചു കൊണ്ട്. എന്തിന് കുളിക്കാന്‍ പോകുമ്പോള്‍ പോലും കൈയ്യില്‍ ഫോണ്‍ ആണെന്നെ.. ഒന്നുകില്‍ ഫോണ്‍ വിളി, അല്ലെങ്കില്‍ ചാറ്റിങ്..ഒന്ന് രണ്ടുവട്ടം ഫോണ്‍ എടുത്തു മാറ്റിവെച്ചപ്പോള്‍ ആളുടെ തരമങ്ങ് മാറി..ഇത്തിരി നേരം വയലന്റ്..തടി വെടക്കാകാതെ ഇരിക്കാനായി ഫോണ്‍ കണ്ടുപിടിക്കാന്‍ കൂടെ ചേര്‍ന്ന് ഒന്നുമറിയാത്ത പോലെ അത് തിരിച്ചു നല്കി..ഡോക്ടര്‍, കല്യാണം ഉറപ്പിച്ച സമയം മുതല്‍ ഞങ്ങള്‍ കിന്നരിച്ചിരുന്ന ആ ഫോണിനോട് എനിക്കിപ്പോള്‍ വെറുപ്പാണ്.. എന്തെങ്കിലും ചെയ്തേ തീരൂ..വീട്ടുകാരോട് പറയുമ്പോള്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ പണിയെടുക്കുന്ന അവന്റെ ജോലിയുടെ ഭാഗമാണ് എന്നാണ് മറുപടി..ആ പെണ്‍കുട്ടിയുടെ പരാതി ഗൗരവതരമാണ് എന്നത് നൂറു തരം .
ഭാര്യയുടെ പരാതി ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആ യുവാവിന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ഇതിപ്പോള്‍ ഇത്ര വലിയ കുറ്റമാണോ എന്ന ഭാവമായിരുന്നു അയാള്‍ക്ക്.ഇങ്ങനെ ഒക്കെ തുടങ്ങിയാല്‍ എനിക്ക് ജോലി ചെയ്യാന്‍ ആകില്ല എന്നും എങ്ങനെ ജീവിക്കും എന്നും ചോദിച്ച അയാള്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ നന്നായി തന്നെ ശ്രമിച്ചു. മാര്ക്കറ്റിംഗുകാരനല്ലേ ..വാചകമടിക്കു കുറവുണ്ടാകുമോ ? ഭര്‍ത്താവിന്റെ ഫോണ്‍ വിളിയില്‍ സംശയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നു മാത്രമല്ല , അങ്ങേരെ നൂറു ശതമാനം വിശ്വാസമാണ് എന്നായിരുന്നു അവളുടെ മറുപടി. സംഗതി ആ ഫോണ്‍ ഒഴിവാക്കിയാല്‍ രണ്ടുപേര്‍ക്കും ഇടയില്‍ നല്ല പൊരുത്തമുണ്ടെന്നും ഇല്ലേല് ഇരുവരും സമീപ ഭാവിയില്‍ തന്നെ കലഹിച്ചു തീരുമെന്നും അതോടെ ഉറപ്പായി.
ഫോണ്‍ സംബന്ധിച്ചുള്ള പെണ്‍കുട്ടിയുടെ പരാതിയിലെ ന്യായം അയാളെ ബോധ്യപ്പെടുത്താനായി ശ്രമം. വീട്ടില്‍ വന്നാല്‍ എത്ര സമയം ഫോണില്‍ ചിലവിടും എന്ന ചോദ്യത്തിന് ഉറങ്ങുന്നത് വരെ എന്ന മറുപടി കിട്ടിയതോടെ അവളുടെ ന്യായം ശരിയാണ് എന്ന് ബോധ്യപ്പെടുത്താനുള്ള അവസരമായി..കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി..ജോലി ചെയ്ത് ക്ഷീണിച്ചു വരുമ്പോള്‍ ഫോണിനേക്കാള്‍ നല്ലത് സഹധര്‍മ്മിണിയുടെ സാമീപ്യം ആണെന്ന കാര്യം ഒരു കൗണ്‍സിലിങ്ങിലൂടെ അയാളില്‍ എത്തിച്ചു. ഹണിമൂണ്‍ കാലത്തുള്‍പ്പടെ കരുതലോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തത് കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നതിന് ഉദാഹരണമാണ് മേല്‍ സൂചിപ്പിച്ച സംഭവം. ഹണിമൂണ്‍ ഭാര്യാ ഭര്ത്താക്കന്മാര്ക്ക് അന്യോന്യം അറിയാനും ലൈംഗീകമായി പൊരുത്തപ്പെടാനും ഉള്ള അവസരമാണ്. സോഷ്യല്‍ മീഡിയ നിങ്ങളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുകയും ലൈംഗീകാസ്വാദനം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ട് സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുന്നത് ആണ് ഉത്തമം.

0 Comments