പുരുഷന്മാരില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മൂത്രാശയത്തിന് തൊട്ട് താഴെയുള്ള മൂത്രനാളത്തിന് ചുറ്റുമായാണ് പ്രോസ്റ്റേറ്റിന്‍െറ സ്ഥാനം. കമഴ്ത്തിവെച്ച ഒരു പിരമിഡിന്‍െറ ആകൃതിയില്‍ കൊഴുപ്പ് പാളികള്‍ക്കുള്ളിലാണ് പ്രോസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. കട്ടിയുള്ള പുറന്തോടും സവിശേഷമായ മൃദുപേശികളും പ്രോസ്റ്റേറ്റിനുണ്ട്.
ജനിക്കുമ്പോള്‍ പയറു മണിയോളം മാത്രം വലുപ്പമുള്ള പ്രോസ്റ്റേറ്റ് വളരെ പതുക്കെയാണ് വളര്‍ന്നു തുടങ്ങുന്നത്. 25 വയസ്സാകുമ്പോഴേക്കും പ്രോസ്റ്റേറ്റിന് പുര്‍ണവളര്‍ച്ചയുണ്ടാകും. തുടര്‍ന്ന് പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതെ പ്രോസ്റ്റേറ്റ് സൗമ്യമായി പ്രവര്‍ത്തിക്കുന്നു. മധ്യ വയസ്സ് പിന്നിടുമ്പോള്‍ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടുകളുമായാണ് പ്രോസ്റ്റേറ്റ് പ്രശ്നക്കാരനാകുന്നത്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍മൂലം ഇപ്പോള്‍ 40 വയസ്സുള്ളവരില്‍പോലും പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ കണ്ടുവരുന്നു. പുരുഷന്മാരില്‍ ഏറ്റവും വ്യാപകമായി കാണുന്ന മൂത്രാശയ പ്രശ്നങ്ങളും പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ടതാണ്.
പ്രോസ്റ്റേറ്റില്‍ പ്രധാനമായും മൂന്ന് തരം കോശങ്ങളാണുള്ളത്. സ്രവങ്ങളുണ്ടാക്കുന്ന കോശങ്ങള്‍, പ്രോസ്റ്റേറ്റിലെ മൃദു പേശികളിലെ കോശങ്ങള്‍, നാരു കലകള്‍ എന്നിവയാണവ. ഇവ മൂന്നും പെരുകുന്ന കോശങ്ങളാണ്. പ്രോസ്റ്റേറ്റ് മൂത്രനാളത്തിന് ചുറ്റുമായി സ്ഥിതി ചെയ്യുന്നതിനാല്‍ പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന കോശങ്ങളുടെ വീക്കവും, പെരുക്കവുമെല്ലാം മൂത്രനാളിയില്‍ സമ്മര്‍ദമുണ്ടാക്കും. പ്രോസ്റ്റേറ്റിന്‍െറ പുറന്തോടിന് കട്ടിയുള്ളതിനാല്‍ പെരുകുന്ന കോശങ്ങള്‍ അതിനുള്ളില്‍തന്നെ തിങ്ങിഞെരുങ്ങുന്നതോടൊപ്പം അതിലൂടെ കടന്നുപോകുന്ന മൂത്രനാളിയെ ഞെരുക്കി മൂത്ര തടസ്സത്തിനിടയാക്കും.
കൂടാതെ ഗ്രന്ഥിക്കകത്തെ പേശീകോശങ്ങള്‍ പെരുകുമ്പോള്‍ പേശികള്‍ വലിഞ്ഞ് മുറുകിയും മൂത്രനാളിയെ സമ്മര്‍ദപ്പെടുത്താം. ഇതും മൂത്ര തടസ്സത്തിനിടയാക്കും. ചെറുതായി വീര്‍ത്ത പ്രോസ്റ്റേറ്റ് പോലും കൂടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നത് ഇങ്ങനെയാണ്. പെരുകുന്ന പ്രോസ്റ്റേറ്റ് കോശങ്ങള്‍ മൂത്രതടസ്സത്തിന് പുറമെ അണുബാധ, കല്ലുകള്‍ ഇവ മൂത്രാശയത്തില്‍ ഉണ്ടാകാനുള്ള സാധ്യതയെ വര്‍ധിപ്പിക്കാറുണ്ട്. കൂടാതെ മൂത്രാശയത്തിന്‍െറ അടിഭാഗത്തിന് ചരിവ് വരുത്തുന്നതിനാല്‍ മൂത്രം പൂര്‍ണമായും ഒഴിഞ്ഞ് പോകാതിരിക്കാനും അതുവഴി അണുബാധക്കുമിടയാക്കും.



0 Comments