മിതഭാഷിയും അന്തര്‍മുഖനുമാണ് സജാദ്. മുപ്പത്തി രണ്ടു വയസ്സ്. തമിഴ്നാട്ടില്‍ സ്വന്തമായി ചെറിയൊരു ബിസിനസ്സ് നടത്തുന്നു. കല്യാണം കഴിക്കാന്‍ താല്‍പര്യം കാണിക്കാതെ ഒഴിഞ്ഞു നടക്കുകയായിരുന്നു സജാദ്. മുപ്പതു വയസ്സു കഴിഞ്ഞിട്ടും അതേ നിലപാട് തുടര്‍ന്നപ്പോള്‍, വീട്ടുകാര്‍ അകന്ന ബന്ധത്തിലുള്ള ഒരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു. ഒഴിഞ്ഞു മാറാന്‍ വേറെ വഴിയൊന്നും സജാദിന് കിട്ടിയില്ല. ഉമ്മയുടെ കണ്ണീരിനു മുന്നില്‍ അയാള്‍ കീഴടങ്ങി.

പക്ഷേ വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും ഭാര്യ ആയിഷ ഗര്‍ഭിണിയായില്ല. അവര്‍ തമ്മില്‍ ലൈംഗിക ബന്ധം പോലും നടന്നില്ല. ഒരു കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം കൂടി ക്കൂടി വന്നപ്പോള്‍ ശാരീരിക ബന്ധത്തിന് ആയിഷ മുന്‍കൈ എടുക്കാന്‍ തുടങ്ങി. പല തവണ ശ്രമിച്ചെങ്കിലും തുടക്കത്തിലുള്ള ഉല്‍സാഹത്തിനു ശേഷം സജാദ് പിന്‍മാറിക്കൊണ്ടിരുന്നു.

ഒടുവില്‍ വൈദ്യസഹായം തേടാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും. പരിശോധനയില്‍ ആയിഷയ്ക്ക് കുഴപ്പമൊന്നും കണ്ടില്ല. സജാദിനെ വിശദമായ പരിശോധനയ്ക്കു വിധേയനാക്കി. ഉദ്ധാരണപ്രശ്നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ ലിംഗത്തില്‍ മരുന്നു കുത്തുവച്ച് നടത്തുന്ന കളര്‍ ഡ്യുപ്ലക്സ് ഡോപ്ലര്‍ അള്‍ട്രാസൗണ്ട് ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും നടത്തി.

ഉദ്ധാരണത്തെ ബാധിക്കുന്ന യാതൊരു പ്രശ്നങ്ങളും സജാദിന് ഇല്ലായിരുന്നു. ലിംഗത്തിന്‍റെ ആന്തരിക ഘടനയും രക്തപ്രവാഹത്തിന്‍റെ തോതുമെല്ലാം സാധാരണ നിലയിലായിരുന്നു. പിന്നെ എന്തു കൊണ്ടാണ് അയാള്‍ എല്ലായ്പ്പോഴും ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് മനഃശാസ്ത്രപരമായ സമീപനത്തിലൂടെയായിരുന്നു.

പ്രശ്നം കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ രണ്ടുപേരെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഒരാഴ്ച താമസിച്ചു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശങ്ങള്‍ നല്‍കി. രണ്ടു പേരും ചേര്‍ന്നു ചെയ്യേണ്ട പ്രവൃത്തികളും ഘട്ടം ഘട്ടമായി പറഞ്ഞു കൊടുത്തിരുന്നു. ഏതു ഘട്ടമെത്തുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത് എന്ന് നിരീക്ഷിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഒരു പ്രത്യേകഘട്ടമെത്തിയപ്പോള്‍ സജാദിന് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാവുകയും മുന്നോട്ടു പോകാന്‍പറ്റാതെ വരികയും ചെയ്തു.

പ്രശ്നം മാനസികമാണെന്ന് മനസ്സിലായതോടെ, മനസ്സു തുറക്കാന്‍ അയാള്‍ക്കു കൗണ്‍സലങ്ങിലൂടെ ധൈര്യം നല്‍കി. അയാള്‍ക്കു പറയാന്‍ മറക്കാനാവാത്ത ഒരു ഭൂതകാലമുണ്ടായിരുന്നു. സജാദിന്‍റെ വീടിന്‍റെ അടുത്തു തന്നെയാണ് അമ്മാവന്‍റെ കുടുംബവും താമസിക്കുന്നത്. അമ്മാവന്‍ ഗള്‍ഫിലാണ്. അമ്മായിയും രണ്ടു കൊച്ചുകുട്ടികളും ഉമ്മയുമായിരുന്നു ആ വീട്ടീല്‍. അവിടെ എന്ത് ആവശ്യമുണ്ടായാലും സഹായത്തിനു വിളിച്ചിരുന്നത് സജാദിനെയായിരുന്നു.

സജാദ് പ്രീഡിഗ്രി കഴിഞ്ഞു നില്‍ക്കുന്ന സമയം. കുറച്ചു നാള്‍ അമ്മായിയുടെ വീട്ടില്‍ രാത്രി താമസിക്കേണ്ടി വന്നു. ഒരു ദിവസം രാത്രി വൈകും വരെ ഇരുവരും സംസാരിച്ചു. ഒടുവില്‍ അമ്മായി സജാദിനോടുള്ള താല്‍പര്യം പുറത്തെടുത്തു. ആലിംഗനവും ചുംബനങ്ങളും അവസാനിച്ചത് രതിയിലാണ്. എല്ലാം കഴിഞ്ഞപ്പോള്‍ അമ്മായിക്ക് കടുത്ത കുറ്റബോധം തോന്നി. സജാദാണ് എല്ലാ പ്രശ്നത്തിനും കാരണം എന്നു പറഞ്ഞ് കുറ്റപ്പെടുത്തി. അവര്‍ തമ്മിലുള്ള ബന്ധം വഷളായി.

മൂന്നു മാസത്തിനു ശേഷം അമ്മാവന്‍ നാട്ടിലെത്തി. അമ്മായി പൊടിപ്പും തൊങ്ങലും വച്ച് ആ കഥ പറഞ്ഞു കൊടുത്തു. സജാദ് തന്നെ കടന്നു പിടിച്ചു, മോശമായി പെരുമാറി പീഡിപ്പിച്ചു എന്നൊക്കെയായി കഥ. അടുത്ത ദിവസം നേരം പുലര്‍ന്നപ്പോള്‍ത്തന്നെ അമ്മാവന്‍ സജാദിന്‍റെ വീട്ടിലെത്തി. ഉറങ്ങിക്കിടന്ന അവനെ വിളിച്ചുണര്‍ത്തി എല്ലാവരും നോക്കി നില്‍ക്കെ, പൊതിരെ തല്ലി. വിവരം മാതാപിതാക്കളും അറിഞ്ഞു. പിന്നീട് ഉപ്പയുടെ വകയായി വഴക്കും അടിയും. ഉമ്മയുടെ വക ശകാരവും ശാപവാക്കുകളും.

സജാദ് വേദനയോടെ വീടു വിട്ടിറങ്ങി. രണ്ടാഴ്ചയ്ക്കു ശേഷം അയാള്‍ ഒരു ആത്മഹത്യാശ്രമം നടത്തി. നാട്ടുകാര്‍ അത് വീട്ടില്‍ അറിയിച്ചു. കടുത്ത മാനസികസംഘര്‍ഷത്തിന്‍റെ ഫലമായി സജാദിനു വിഷാദരോഗം ബാധിച്ചിരുന്നു. പിന്നെയുള്ള രണ്ടു വര്‍ഷം സൈക്യാട്രിസ്റ്റിന്‍റെ ചികിത്സയിലായിരുന്നു.

ഈ സംഭവത്തിനു ശേഷം പിന്നീട് ഒരിക്കലും സജാദിന് ലൈംഗികമായ ആഗ്രഹം തോന്നിയിരുന്നില്ല. അത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നതു പോലും പേടിയായി. വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറി നടന്നതും അതുകൊണ്ടായിരുന്നു. ദാമ്പത്യപരാജയത്തിലേക്കും അതു നയിച്ചു. നാല് ആഴ്ചത്തെ ചികിത്സകൊണ്ട് സജാദിന്‍റെ പ്രശ്നം പൂര്‍ണമായും പരിഹരിച്ചു. ലൈംഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് കൗമാരത്തിലുണ്ടാവുന്ന മുറിവുകളും മാനസിക ആഘാതങ്ങളും ഭാവിജീവിതത്തില്‍ ഗുരുതരമായ താളപ്പിഴകള്‍ സൃഷ്ടിച്ചേക്കാം എന്ന പാഠമാണ് സജാദിന്‍റെ കഥ ഓര്‍മിപ്പിക്കുന്നത്.

ഇത്തരം ലൈംഗിക ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ കേട്ടയുടനെ കുട്ടികളെ ശിക്ഷിക്കുന്നതിനു മുന്‍പ് അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ഭാവിയില്‍ പ്രശ്നങ്ങളുണ്ടാവാതിരിക്കാന്‍ സഹായിക്കും. കൗമാരത്തിന്‍റെ തുടക്കത്തില്‍ തന്നെ മൂല്യാധിഷ്ഠിതവും ശാസ്ത്രീയവുമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് ഗുണം ചെയ്യും.

(കൊച്ചിയില്‍ ഡോ.പ്രമോദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് എന്ന സ്ഥാപനം നടത്തുകയാണ് പ്രമുഖ സെക്സോളജിസ്റ്റായ ഡോ. കെ. പ്രമോദ്.)

(2017 മെയ് 29ന് മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനം)