മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്

പ്രസവശേഷമുള്ള സ്ത്രീയുടെ ജീവിതം ഉത്തരവാദിത്തം നിറഞ്ഞതാണ്. ശരീരത്തിൽ വരുന്ന ഹോർമോൺ വ്യതിയാനവും നവജാതശിശുവിനെ പരിചരിക്കാനുള്ള തത്രപ്പാടുമെല്ലാം സ്ത്രീകളിൽ ലൈംഗിക താൽപര്യം കുറച്ചേക്കാം. ചില സമയങ്ങളിൽ കുഞ്ഞിനെ പരിപാലിക്കുന്നതിന്റെ തിരക്കിൽ ഭർത്താവിനെ കാര്യമായി ശ്രദ്ധിക്കാൻ സമയം കിട്ടിയില്ലെന്നും വരാം. ഇതു ചില ഭർത്താക്കന്മാരിൽ ചെറിയ പിണക്കത്തിനും വഴിതെളിക്കാം.കുഞ്ഞു വന്നപ്പോൾ എന്നെ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി പറയുന്നവരും കുറവല്ല.

മുലയൂട്ടുന്ന അമ്മമാരുടെ സ്തനങ്ങളിൽ മുലപ്പാൽ കെട്ടിനിന്ന് നേരിയ വേദന അനുഭവപ്പെടാറുണ്ട്. ഇതെല്ലാം പ്രസ‌വാനന്തരം ലൈംഗിക ജീവിതത്തിൽ കുറച്ചു നാളത്തേക്കു താൽപര്യക്കുറവിനു കാരണമാകാം.പ്രസവത്തിനു ശേഷം എപ്പോൾ ലൈംഗിക ബന്ധം പുനരാരംഭിക്കാം, സ്ത്രീകളുടെ ലൈംഗിക താൽപര്യം പ്രസവശേഷം കുറയുമോ എന്നിവയെല്ലാം സാധാരണ തോന്നുന്ന സംശയങ്ങളാണ്. സുഖപ്രസവമോ സിസേറിയനോ എന്തുതന്നെയായാലും ലൈംഗിക ജീവിതം പുനരാരംഭിക്കുന്നതിനു മുൻപ്, ചികിൽസിച്ച ഗൈനക്കോളജിസ്റ്റിന്റെ അഭിപ്രായം നിർബന്ധമായും തേടണം. സിസേറിയൻ സമയത്തെ സ്റ്റിച്ചുകളും സുഖപ്രസവ സമയത്തെ ആന്തരിക മുറിവുകളും ഭേദമാകാതെയുള്ള ലൈംഗികബന്ധം സ്ത്രീയുടെ ആരോഗ്യത്തെ സാരമായി ബാധിക്കാം.