ഒരു അന്താരാഷ്ട്ര ഐടി കമ്പനിയില്‍ എന്‍ജിനീയറായിരുന്നു ധന്യ. പ്രശാന്ത് അറിയപ്പെടുന്ന ബിസിനസ്കാരനും. അമേരിക്കന്‍ കമ്പനിയിലായിരുന്നു ധന്യയ്ക്ക് ജോലി. അതുകൊണ്ടു തന്നെ രാത്രി ഷിഫ്റ്റിലാണ് ജോലി ചെയ്യേണ്ടി വന്നിരുന്നത്. രാത്രി ഒന്‍പതു മണിക്ക് ജോലിക്കു കയറുന്ന ധന്യ രാവിലെ എട്ടു മണിയാകുമ്പോഴാണ് ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയിരുന്നത്. ആ സമയമാകുമ്പോഴേക്കു പ്രശാന്ത് ജോലിക്കു പോകാന്‍ തയാറായിട്ടുണ്ടാവും.

തുടക്കത്തില്‍ വളരെ ആസ്വദിച്ചു ചെയ്തിരുന്നെങ്കിലും ജോലിയിലെ അമിത ഭാരവും മേലുദ്യോഗസ്ഥരുടെ സമ്മര്‍ദവുമൊക്കെ ആയിപ്പോള്‍ ധന്യയ്ക്ക് പലവിധ ശരീരിക ബുദ്ധിമുട്ടുകളും ആരംഭിച്ചു. തലവേദന, ഛര്‍ദി, ശ്വാസം മുട്ടല്‍ തുടങ്ങിയ പലവിധ രോഗങ്ങള്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി ധന്യയെ അലട്ടിക്കൊണ്ടിരുന്നു. ചികിത്സകള്‍ മാറി മാറി ചെയ്തെങ്കിലും ശാശ്വതപരിഹാരം ഉണ്ടായില്ല. ഏതു ചികിത്സ ചെയ്താലും താല്‍കാലികമായ ഫലം മാത്രം കിട്ടും.

ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള ആഗ്രഹം അഞ്ചു വര്‍ഷമായിട്ടും നടക്കാത്തിന്‍െറ നിരാശ പ്രശാന്തിനും ധന്യയ്ക്കും ഇരുവരുടെയും വീട്ടുകാര്‍ക്കും ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യത്തെ ഒരു വര്‍ഷം കുഞ്ഞിനുവേണ്ടി ശ്രമിച്ചില്ല. ഒരു വര്‍ഷം കഴിഞ്ഞിട്ടു മതി എന്നായിരുന്നു ഇരുവരുടെയും തീരുമാനം. പക്ഷേ, പിന്നീട് ശ്രമിച്ചപ്പോള്‍ ഗര്‍ഭിണിയായതുമില്ല.

കുഞ്ഞു വേണമെന്ന ആഗ്രഹം ഇരുവര്‍ക്കും ഉണ്ടായിരുന്നെങ്കിലും അതിനായി സമയം നീക്കി വയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പ്രശാന്ത് ജോലിക്ക് പോകുന്ന സമയത്താണ് ധന്യ ജോലി കഴിഞ്ഞ് എത്തുന്നത്. മാതാപിതാക്കള്‍ നിര്‍ബന്ധിക്കുമ്പോള്‍ ഒന്നു രണ്ടു ദിവസം ലീവെടുത്ത് ഏതെങ്കിലും വന്ധ്യതാ ചികിത്സകനെ പോയി കാണും. പലപ്പോഴും ചികിത്സ മുഴുവിപ്പിക്കാറുമില്ല..

ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ രൂക്ഷമായപ്പോഴാണ് മാതാപിതാക്കള്‍ ഇടപെട്ട് ഞങ്ങളുടെയടുത്ത് എത്തിക്കുന്നത്. വന്ധ്യത ചികിത്സയുടെ ഭാഗമായുള്ള എല്ലാ പരിശോധനകളിലും ഇരുവരും നോര്‍മലായിരുന്നു. രണ്ടുപേരുടെയും പ്രശ്നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും നാലഞ്ചു ദിവസം ആശുപത്രിയില്‍ താമസിച്ച് ചികിത്സ നടത്താന്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ധന്യ അനുഭവിച്ചു കൊണ്ടിരുന്ന ശാരീരിക പ്രശ്നങ്ങളാണ് അവളെ ലൈംഗികതയില്‍നിന്ന് അകറ്റിക്കൊണ്ടിരുന്നത്. ശ്വാസം മുട്ടല്‍, ഛര്‍ദി, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ഈ രോഗങ്ങളൊക്കെ ധന്യയെ തേടിയെത്തിയതാവട്ടെ, ജോലി സംബന്ധമായള്ള കടുത്ത മാനസിക സമ്മര്‍ദം കൊണ്ടായിരുന്നു.

എപ്പോഴും ക്ഷീണവും രോഗങ്ങളുമായതിനാല്‍ ലൈംഗിക ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നതു പോലും ധന്യയ്ക്ക് ബുദ്ധിമുട്ടായിരുന്നു. ധന്യയും പ്രശാന്തും തമ്മില്‍ ശാരീരിക ബന്ധം തന്നെ ശരിക്കു നടന്നിരുന്നില്ല.

ജോലി ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വീട്ടുകാരുടെ സമ്മര്‍ദങ്ങളും കുട്ടികള്‍ ഉണ്ടാകാത്തതിന്‍െറ പേരിലുള്ള കുറ്റപ്പെടുത്തലുകളും കൂടി ആയപ്പോള്‍, ചെകുത്താനും കടലിനും നടുവില്‍ പെട്ടുപോയ അവസ്ഥയിലായി ധന്യ.

തല്‍ക്കാലം ആറുമാസത്തേക്ക് ലീവെടുക്കാന്‍ ധന്യയോട് ആവശ്യപ്പെട്ടു. മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് മോചനം കിട്ടിയതോടെ രോഗങ്ങള്‍ മാറി. നാലു മാസം കഴിഞ്ഞപ്പോള്‍ ധന്യ ഗര്‍ഭിണിയാവുകയും ചെയ്തു.

തൊഴിലിടങ്ങളില്‍ സമ്മര്‍ദങ്ങളുണ്ടാവുന്നത് ഇന്നത്തെ കാലത്ത് സ്വാഭാവികമാണ് . അതിനെ നന്നായി മാനേജ് ചെയ്യാന്‍ പഠിച്ചിരിക്കണം. സമ്മര്‍ദങ്ങളെ വരുതിക്കു നിര്‍ത്താന്‍ പഠിച്ചില്ലെങ്കില്‍ അതു രോഗങ്ങളിലേക്കും ദാമ്പത്യപ്രശ്നങ്ങളിലേക്കും വിവാഹമോചനത്തിലേക്കും നയിച്ചേക്കാം.

(കൊച്ചിയിലെ ഡോ. പ്രമോദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റര്‍ ഹെല്‍ത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സെക്സ് തെറാപ്പിസ്റ്റുമാണ് ഡോ. കെ. പ്രമോദ്)

(2017 ജൂണ്‍ 3ന് മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനം)