പ്രതിരോധശേഷി പൊതുവേ കുറഞ്ഞ വ്യക്തിക്ക് വഴിയെ പോകുന്ന ഏത് ബാക്റ്റീരിയയും മൂത്രത്തില്‍ അണുബാധ ഉണ്ടാക്കാം. പ്രമേഹരോഗികളിലും ഗര്‍ഭിണികളിലുമൊക്കെ പ്രധാനമായും ഇതാണ് സംഭവിക്കുന്നത്‌. മൂത്രത്തിലൂടെ വരുന്ന പഞ്ചസാരയുടെ അംശം തിന്നു ബാക്റ്റീരിയ അവിടെ തന്നെ കുട്ടിയും കുടുംബവുമായി കൂടാന്‍ തീരുമാനിക്കുന്നത്‌ ഇടക്കിടെയുള്ള യൂറിനറി ഇന്‍ഫെക്ഷനായി ഭവിക്കുന്നു.

പ്രമേഹരോഗിക്ക് ഇടയ്ക്കിടെ ആശുപത്രിവാസമാണ് വിധിയെങ്കില്‍ ഗര്‍ഭിണിക്ക്‌ മാസം തികയാതെയുള്ള പ്രസവം ഉള്‍പ്പെടെ പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. ഗര്‍ഭാവസ്ഥയില്‍ മൂത്രത്തിലെ അണുബാധ ചെറുതായി കാണരുത്. ഗർഭാവസ്ഥയിൽ മൂത്രാശയത്തിനു വരുന്ന വ്യതിയാനങ്ങൾ അണുബാധ തുടരുന്നതിനും വൃക്കകളെ ബാധിക്കുന്നതിനും വഴിവെക്കും . ആറു മുതൽ ഒമ്പതുമാസംവരെയുള്ള സമയത്ത്‌ ഇതിനുള്ള സാധ്യത കൂടുതലാണ്‌. അപ്പോഴാണല്ലോ മൂത്രാശയത്തിൽ കൂടുതൽ മാറ്റങ്ങൾ കാണുന്നതും.

വൃക്കയിലും മൂത്രനാളിയിലും മൂത്രസഞ്ചിയിലും മൂത്രം കെട്ടിനിൽക്കാൻ സാധ്യത കൂടുതലാണ്‌ ഈ സമയത്ത്‌. അതുകൊണ്ടുതന്നെ അണുബാധ വന്നാൽ വിട്ടുപോകാനും സാധ്യത കൂടുതലാണ്‌. പനി, വയറുവേദന, കൂടെക്കൂടെ മൂത്രം ഒഴിക്കാൻ തോന്നുക, പിടിച്ചുനിർത്താൻ പറ്റാതെ തോന്നുക, കടച്ചിൽ, എന്നിവ സാധാരണ ലക്ഷണങ്ങൾ, എന്നാൽ ഒരു ലക്ഷണവും ഇല്ലാതേയും അണുബാധയുണ്ടാവാം. 

ആദ്യത്തെ ത്രൈമാസത്തിലും മൂന്നാമത്തെ ത്രൈമാസത്തിലും മൂത്രത്തിൽ അണുബാധയുണ്ടോ എന്ന്‌ കൾച്ചർ പരിശോധന നടത്തി ഉറപ്പുവരുത്തണം ലക്ഷണങ്ങൾ ഇല്ലെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിലും. അണുബാധയുണ്ടെങ്കിൽ ചികിത്സ നൽകണം. 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് )