വെരിക്കോസിൽ രോഗം ആരംഭിച്ച ഉടൻതന്നെ ചിലപ്പോള്‍ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. പലപ്പോഴും മറ്റ് അസുഖങ്ങൾക്കുള്ള പരിശോധനകൾക്കിടെയാണ് ഈ രോഗം കണ്ടുപിടിക്കപ്പെടുന്നത്. ധമനികൾ വീർത്തു പിണഞ്ഞു കിടക്കുന്നതു കണ്ടു ചികിത്സ തേടിയെത്തുന്നവരുമുണ്ട്.

വെരിക്കോസിൽ ബീജത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ബീജ പരിശോധന ആവശ്യമാണ്. ബീജാണുക്കളുടെ എണ്ണം, ചലനശേഷി, രൂപവൈകല്യങ്ങൾ എന്നിവ ഈ പരിശോധനയിലൂടെ മനസ്സിലാക്കാൻ സാധിക്കും.  ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും പെട്ടെന്ന് വിദഗ്ധ ഡോക്ടർമാരെ സമീപിച്ച് കൃത്യമായ ചികിത്സ ഉറപ്പാക്കണം. വൃഷണങ്ങൾക്കു വലുപ്പവ്യത്യാസം, ബീജപരിശോധനയിൽ ഗുരുതരമായ വ്യത്യാസങ്ങൾ എന്നിവ കണ്ടാൽ ശസ്ത്രക്രിയ വേണ്ടിവരാം. ശുദ്ധരക്തം കൊണ്ടുവരുന്ന ധമനികൾക്കോ ബീജവാഹിനിക്കുഴലിനോ മുറിവുണ്ടാകാതെ വൃഷണങ്ങളിൽ നിന്ന് അശുദ്ധരക്തം വഹിച്ചുകൊണ്ടുപോകുന്ന ധമനികൾ മുറിച്ചുമാറ്റുന്നതാണ് ശസ്ത്രക്രിയാരീതി.