ലൈംഗിക ബന്ധം നടക്കുമ്പോള്‍ താല്പ്പര്യപ്പെടുന്നതിലും മുന്‍പ് നിയന്ത്രിക്കാനാവാതെ സ്ഖലനം സംഭവിക്കുന്നതിനാണ് ശീഘ്രസ്ഖലനം എന്നു പറയുന്നത്. യോനിയിലേക്ക് ലിംഗം കടക്കുമ്പോഴോ അതിന് തൊട്ടുമുമ്പോ അല്ലെങ്കിൽ തൊട്ടുപിറകെയോ ഒക്കെയാവാം ഇത് സംഭവിക്കുക.മൂന്നില്‍ ഒന്ന് പുരുഷന്മാര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവവേദ്യം ആയിട്ടുണ്ടാവാം. ഒരുവട്ടമുള്ള അനുഭവം അത്ര ആശങ്കപ്പെടേണ്ട ഒന്നല്ല എങ്കിലും ഇത് ആവര്‍ത്തിച്ചാല്‍ നിര്‍ബന്ധമായും ഒരു ഡോക്ടറുടെ സഹായം തേടുക തന്നെ വേണം..

ശീഘ്ര സ്ഖലനത്തിന്റെ കാരണങ്ങള്‍

മാനസികമായ ഘടകങ്ങളും ചില ശാരീരിക അവസ്ഥകളും ഇതിലേക്കു നയിച്ചേക്കാം. വളരെ ചെറിയ പ്രായത്തിലുള്ള ലൈംഗിക ബന്ധങ്ങള്‍, പരിചയക്കുറവ്, ആകാംക്ഷ (ശീഘ്രസ്ഖലനം ഉണ്ടാവുമോ എന്നുള്ള ആകാംഷ തന്നെ ഇതിനു കാരണമാവാം), ഭയം (ലൈംഗിക ചൂഷണങ്ങള്‍), ലൈംഗികതയെക്കുറിച്ചുള്ള കുറ്റബോധം, പങ്കാളിയുമായുള്ള ബന്ധത്തിലെ വിള്ളലുകള്‍ എന്നിവ ഇതിലേക്കു നയിച്ചേക്കാം.

അപൂര്‍വമായി ഹോര്‍മോണ്‍ തകരാറുകള്‍,നാഡീ വ്യവസ്ഥയിലെ പ്രശ്നങ്ങള്‍, മദ്യപാനം, പുകവലി, ലഹരി ദുരുപയോഗം എന്നിങ്ങനെയുള്ള ശാരീരിക പ്രശ്നങ്ങളും ഇതിലേക്കു നയിക്കാം. പ്രോസ്ട്രേറ്റ് ഗ്രന്ഥിയിലും മൂത്ര നാളിയിലുമുള്ള രോഗാവസ്ഥകള്‍, ലൈംഗിക ഉദ്ധാരണശേഷിക്കുറവ്, എന്നിവയും ഇതിനു കാരണമാവാം.

ഡോക്ടറുടെ സഹായം തേടേണ്ട അവസരങ്ങള്‍?

∙ യോനിക്കുള്ളില്‍ പ്രവേശിച്ചു ഒരു മിനിറ്റിനുള്ളില്‍ സ്ഖലനം സംഭവിക്കുന്നത്‌ സ്ഥിരമായി സംഭവിച്ചാല്‍.

∙ സ്വന്തം ഇഷ്ട പ്രകാരം സ്ഖലന സമയം മുന്‍പോട്ടു നീക്കിവയ്ക്കുന്നത് എല്ലായ്പ്പോഴും അസാധ്യമായി വന്നാല്‍.

∙ ഈ അവസ്ഥയില്‍ നിരാശയും മനോവിഷമവും അധികരിച്ചു ലൈംഗികത ഒഴിവാക്കുന്ന അവസ്ഥ എത്തിയാല്‍.

∙ മറ്റു രോഗങ്ങള്‍ എന്തെങ്കിലും സംശയിക്കുന്ന സാഹചര്യങ്ങളില്‍.

ഇത്തരം സന്ദര്‍ഭങ്ങളില്‍ യോഗ്യതയുള്ള ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്.