മനുഷ്യരില്‍ സര്‍വസാധാരണമായി കാണപ്പെടുന്നതാണ് മൂത്രത്തിലെ അണുബാധ അഥവാ യൂറിനറി ഇൻഫെക‌‌്‌ഷൻ. സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്‌. അൻപതു ശതമാനം സ്ത്രീകളുടെയും ജീവിതചക്രത്തില്‍ ഒരിക്കലെങ്കിലും മൂത്രത്തില്‍ അണുബാധ ഉണ്ടാകാറുണ്ട്. ഇ-കോളി ബാക്ടീരിയയാണ് സാധാരണ മൂത്രത്തില്‍ അണുബാധ ഉണ്ടാക്കുക. എന്നാല്‍ Proteus,Klebsiella, Pseudomonas എന്നീ ബാക്ടീരിയകളും മൂത്രത്തില്‍ അണുബാധയുണ്ടാക്കാറുണ്ട്. സാധാരണ സ്ത്രീകളില്‍ മൂന്നു കാലഘട്ടങ്ങലിലാണ് മൂത്രത്തില്‍ അണുബാധയ്ക്ക് സാധ്യതയേറെയുള്ളത്.

കൗമാരപ്രായക്കാരായ പെണ്‍കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക, ശുചിത്വക്കുറവ്, മൂത്രം ഒഴിക്കാതെ ദീര്‍ഘനേരം പിടിച്ചു വയ്ക്കുക എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം അണുബാധ സംഭവിക്കാം. ഇതു ശരിയായ സമയത്ത് ചികിത്സിക്കാതിരുന്നാല്‍ വൃക്കകളെ ഗുരുതരമായി ബാധിക്കാം. മൂത്രത്തില്‍ അണുബാധയുണ്ടായാല്‍ ഉടനടി ഡോക്ടറെ സമീപിക്കണം. ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രശങ്ക, മൂത്രം ഒഴിക്കുമ്പോള്‍ വേദനാജനകമായ എരിച്ചിൽ, അടിവയറ്റില്‍ വേദന എന്നിവ അണുബാധയുടെ സാധാരണ ലക്ഷണങ്ങളാണ്.

യൗവനാരംഭം – ആര്‍ത്തവം ആരംഭിക്കുന്ന വേളയില്‍ സാധാരണ പെണ്‍കുട്ടികള്‍ക്ക് മൂത്രത്തില്‍ അണുബാധ കണ്ടേക്കാം. യോനീപരിസരത്തെ പിഎച്ച് അളവില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് അണുബാധയ്ക്ക് കാരണം.

വിവാഹശേഷം – ലൈംഗികജീവിതത്തിലേക്കു കടക്കുന്ന ഈ സമയത്തും അണുബാധയ്ക്ക് സാധ്യതയുണ്ട്.

ആര്‍ത്തവവിരാമം- സ്ത്രീകളില്‍ ആര്‍ത്തവവിരാമം അഥവാ മെനോപോസ് സംഭവിക്കുന്ന പ്രായത്തില്‍ മൂത്രത്തില്‍ അണുബാധ ഉണ്ടാകാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ കാലം കൂടിയാണ് ഇത്.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് )